Thursday 13 December 2012

kochi biennale

കലയും കാലവും കൊച്ചിയില്‍

editor- Ayyampuzha Harikumar
കൊച്ചി - മുസ്സിരിസ് ബിനാലെ 2012



The strange new music of the crying songs
of the people we left behind mixing
As your boat touches stone here as my
new bones touch your bones

ഇനിയുള്ള രാത്രികളില്‍ ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിന്റെ പൗരാണികമായ മേലാപ്പില്‍ ഈ വരികള്‍ നക്ഷത്രങ്ങള്‍ പോലെ തെളിഞ്ഞുനില്‍ക്കും. പുരാതന നാവികന്റെ പാട്ടുപോലെ കടല്‍കടന്നെത്തിയ കല. അതിനുകീഴേ നിന്നുകൊണ്ട് ഇംഗ്ലണ്ടില്‍ നിന്നുള്ള റോബര്‍ട്ട് മോണ്ട് ഗോമറി എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു: ''ഇത് പ്രവാസത്തിന്റെ പാട്ടാണ്. കേരളത്തിന്റെ ബൗദ്ധികമായ സംസ്‌കാരത്തിനുള്ള എന്റെ സമര്‍പ്പണം. പണ്ട് ഇവിടെ നിന്ന് കടല്‍ കടന്നവര്‍ക്കും ഇവിടേക്ക് കടല്‍വഴി എത്തിയവര്‍ക്കുമുള്ള വരികള്‍...''

കൊച്ചിയിലെ എല്ലാ വഴികളും ഇപ്പോള്‍ 'ബിനാലെ'യിലേക്കാണ്. റോബര്‍ട്ടിനെപ്പോലെ കടല്‍താണ്ടിയെത്തിയവര്‍ നഗരത്തെ ഭൂഗോളമാക്കി മാറ്റിക്കഴിഞ്ഞു. വിരല്‍ത്തുമ്പുകൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന വിശ്വോത്തര കലാകാരന്മാര്‍ തികച്ചും സാധാരണക്കാരായി കൊച്ചിയുടെ നടവഴികളില്‍ പ്രത്യക്ഷപ്പെടുന്നു.താലിബാന്റെ തീപ്പന്തങ്ങളില്‍ തോല്‍ക്കാതെ അഫ്ഗാന്‍കലയുടെ ശില്പങ്ങള്‍ തീര്‍ക്കുന്ന അമാനുള്ള മൊജാദിദിയെ കണ്ടത് ഫോര്‍ട്ടുകൊച്ചിയിലെ തിരക്കേറിയ റോഡില്‍ വെച്ചാണ്. ചുമലില്‍ വലിയൊരു കടലാസ് ചുരുളുമായി നടന്നുപോകുകയായിരുന്നു ''മനഃശക്തിയുള്ള കലാകാരനെ തളര്‍ത്താന്‍ ഭരണകൂടത്തിനും തീവ്രവാദത്തിനും കഴിയില്ല'' എന്നു പറഞ്ഞ മനുഷ്യന്‍.ബിനാലെ ഫൗണ്ടേഷന്റെ കുന്നുംപുറത്തെ ഓഫീസിലേക്ക് ചെന്നപ്പോള്‍ അത്ഭുതപ്പെടുത്തിയത് ഏരിയല്‍ ഹസനാണ്. ഒരുകപ്പ് കട്ടന്‍ചായയില്‍ കേരളത്തെ ചൂടോടെ അറിയുകയായിരുന്നു ലോകപ്രശസ്ത അര്‍ജന്റീനിയന്‍ ചിത്രകാരന്‍.

കൊച്ചിയിലേക്ക് ഇപ്പോള്‍ വന്നാല്‍ ഇതൊക്കെയാണ് കാഴ്ചകള്‍.പോപ് സംഗീതത്തിലെ സിംഹള ശബ്ദമായി ലോകവേദികളെ ത്രസിപ്പിക്കുന്ന മാതംഗി അരുള്‍പ്രകാശം എന്ന എം.ഐ.എ.യെ പരേഡ് ഗ്രൗണ്ടില്‍ പനമണ്ണ ശശിയുടെ ചെണ്ടയ്‌ക്കൊപ്പം കണ്ടെടുക്കാം. മുളവുകാട് നിന്ന് വാങ്ങിയ 60 അടി നീളമുള്ള വള്ളത്തില്‍ പാരമ്പര്യത്തിന്റെ തുഴപ്പാടുകള്‍ തേടുന്ന സുബോധ് ഗുപ്തയെ പരിചയപ്പെടാം. 'ക്യൂബ കോഫീ ഷോപ്പി'ലെ കസേരയില്‍ ഹുസൈന്‍വല മനേഷിനെയും ഏണസ്റ്റോ നെറ്റോയെയും പോലുള്ള പെരുന്തച്ചന്മാരെക്കണ്ട് അമ്പരക്കാം.

ബിനാലെയുടെ വാതിലിലൂടെ ലോകം കൊച്ചിയിലേക്ക് വന്നുകഴിഞ്ഞു. ഇന്ത്യയുടെ കലാചരിത്രത്തിലെ ആദ്യത്തെ ബിനാലെയാണ് കൊച്ചി-മുസിരിസ് ബിനാലെ. കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 'രണ്ട് കൊല്ലത്തിലൊരിക്കല്‍ നടക്കുന്നത്' എന്നതാണ് 'ബിനാലെ' എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം. 1895-ല്‍ വെനീസിലാണ് ലോകത്തെ ആദ്യത്തെ ബിനാലെ സംഘടിപ്പിക്കപ്പെട്ടത്. 12.12.12 എന്ന് മാന്ത്രികദിനത്തില്‍ ലോകത്തെ ബിനാലെ നഗരങ്ങളിലൊന്നായി കൊച്ചിയും മാറും.സാമ്പത്തിക, സാംസ്‌കാരിക, വാണിജ്യ മേഖലകളില്‍ ഒരുപോലെ ഗുണം ചെയ്യുന്ന ബിനാലെ കൊച്ചിയെ ലോക ടൂറിസം ഭൂപടത്തില്‍ സമകാലിക കലയുടെ കേന്ദ്രം കൂടിയായി അടയാളപ്പെടുത്തും.

മലയാളിയെ സംബന്ധിച്ചിടത്തോളം തികച്ചും അപരിചിതമായ ഒന്നാണ് ബിനാലെ. നമ്മുടെ കലാസ്വാദനം ചിത്രപ്രദര്‍ശനങ്ങളിലും ശില്പങ്ങളിലുമായി ഉറഞ്ഞുപോയിരിക്കുകയായിരുന്നു.അത്യാധുനിക സൗകര്യങ്ങളുള്ള ഗാലറികളുടെ കുറവുമൂലം അന്തര്‍ദേശീയ നിലവാരമുള്ള സമകാലിക കലാരൂപങ്ങളെ ആസ്വദിക്കാനുള്ള അവസരം നമുക്ക് ലഭിച്ചിരുന്നില്ല. ലോക സിനിമയിലെ പുത്തന്‍ പ്രവണതകള്‍ മനസ്സിലാക്കാന്‍ വര്‍ഷംതോറും നടത്തുന്ന ചലച്ചിത്രമേള പോലെയോ നാടകരംഗത്തെ പുതു പ്രവണതകളിലേക്ക് കര്‍ട്ടനുയര്‍ത്തുന്ന നാടകോത്സവങ്ങള്‍ പോലെയോ ചിത്ര-ശില്പ കലാരംഗത്തെ നവസൃഷ്ടികളും ധാരകളും പരിചയപ്പെടാന്‍ ഇതുവരെ കേരളീയര്‍ക്ക് അവസരം ലഭിച്ചിട്ടില്ല. ഇതിനൊരു പരിഹാരമാണ് ബിനാലെ.

കേവലം ചിത്ര-ശില്പ പ്രദര്‍ശനം എന്നതിലുപരി ലോക കലാരംഗത്ത് നടക്കുന്ന പുതിയ മുന്നേറ്റങ്ങള്‍ പരിചയപ്പെടുത്തുകയാണ് ബിനാലെകള്‍ ചെയ്യുന്നത്. വിവിധ വിഷയങ്ങളിലൂന്നിയുള്ള ഇന്‍സ്റ്റലേഷനുകളാണ് ഇതില്‍ പ്രധാനം. ചിത്രവും ശില്പവും വീഡിയോയും എല്ലാം ഇതില്‍ ഇടകലരുന്നു. ഇവിടെ ചിത്രങ്ങളുടെയോ ശില്പങ്ങളുടെയോ വില്പനയല്ല, പ്രദര്‍ശനവും പഠനവും മാത്രമാണ് നടക്കുന്നത്. വില്കാന്‍ സാധിക്കുന്നവയല്ല ബിനാലെയിലെ പല സൃഷ്ടികളും.ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്‍സ്റ്റലേഷനുകളിലേറെയും കലാകാരന്മാര്‍ ദിവസങ്ങളായി തങ്ങള്‍ക്ക് അനുവദിച്ച പ്രദര്‍ശന മേഖലയില്‍ താമസിച്ച് സൃഷ്ടിച്ചവയാണ്.മറ്റൊരിടത്ത് നിര്‍മിച്ചു കൊണ്ടുവന്ന് പ്രദര്‍ശനവേദിയില്‍ സ്ഥാപിക്കുന്നവയല്ലിത്.

23 രാജ്യങ്ങളില്‍ നിന്നായി 84 കലാകാരന്മാര്‍ ബിനാലെയില്‍ പങ്കെടുക്കുന്നു. ഇതില്‍ 22 മലയാളികളുമുണ്ട്. ചരിത്രമുറങ്ങുന്ന ഫോര്‍ട്ടുകൊച്ചിയിലെ പ്രിന്‍സസ് സ്ട്രീറ്റ്, ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, വി.ഒ.സി. ഗേറ്റ്, ബാസ്റ്റിന്‍ ബംഗ്ലാവ്, പരേഡ് ഗ്രൗണ്ട്, കൊച്ചിന്‍ ക്ലബ്ബ്, ഡേവിഡ് ഹാള്‍, മട്ടാഞ്ചേരിയിലെ ബസാര്‍ റോഡ്, വെയര്‍ഹൗസ്, പാലസ്, ജൂത സിനഗോഗ്, കാശി ആര്‍ട്ട് ഗാലറി, മൊയ്തു ഹെറിറ്റേജ് എന്നിവിടങ്ങളിലും കൊച്ചി ഡര്‍ബാര്‍ ഹാളിലുമായാണ് ബിനാലെയുടെ കാന്‍വാസ് ഒരുങ്ങിയത്.

കൊച്ചിയിലെ വിവിധ സാംസ്‌കാരിക പരിപാടികളോട് തോളുചേര്‍ക്കുന്നതിലൂടെ ബിനാലെ പ്രാദേശികമായ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നു. ഈവര്‍ഷത്തെ കൊച്ചിന്‍കാര്‍ണിവല്‍ എരിഞ്ഞുകത്തുന്നത് ബിനാലെയ്‌ക്കൊപ്പമായിരിക്കും. മനുഷ്യര്‍ ഗ്രാമഫോണുകളെപ്പോലെ പാടുന്ന പശ്ചിമകൊച്ചിയുടെ സംഗീത പാരമ്പര്യത്തിനുള്ള സമര്‍പ്പണമായി റാഫി രാവും ഗസല്‍ സന്ധ്യകളുമുണ്ട്. ചരിത്രം ചുവടുവെക്കുന്ന 'ചവിട്ടുനാടകം' ബിനാലെയുടെ ഭാഗമായി വീണ്ടും സ്മരണകളിലെത്തുന്നു. ഗോതുരുത്ത് എസ്.എ.സി. യുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ചുവടി' എന്ന ചവിട്ടുനാടകോത്സവത്തിന് വേദിയാകുന്നത് ഗോതുരുത്തിലെ കടല്‍വാതുരുത്താണ്.

ബിനാലെയുടെ ഭാഗമായുള്ള ചരിത്രാന്വേഷണത്തില്‍ 'കണ്ണകീ ചരിത'ത്തിന്റെ ഭാഗമായ 'മതിലകം' എന്ന ഗ്രാമത്തെയും അടയാളപ്പെടുത്തുന്നു. കണ്ണകീചരിതത്തില്‍ പറയുന്ന 'തൃക്കണാമതിലകം' ഇപ്പോഴത്തെ മതിലകം ഗ്രാമമാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷനും മതിലകം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച 'ചിലപ്പതികാരം ഫെസ്റ്റിവല്‍' സംഘകാലത്തിന്റെ സമ്പന്നതയെ പുതുതലമുറയ്ക്ക് കാട്ടിക്കൊടുത്തു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചെണ്ടമേളക്കാരായ ശ്രീഹരിയും ആനന്ദ് മാരാരും മുതല്‍ മുതിര്‍ന്ന തലമുറയിലെ പെരുവനം കുട്ടന്‍ മാരാരും മാപ്പിള കലാ കുലപതി ഇക്ബാല്‍ കോപ്പിലാനും വരെ കൊച്ചി ബിനാലെ പൈതൃകകലാ അവതരണ പരമ്പരയുടെ ഭാഗമാകുന്നുണ്ട്. ലോക ബിനാലെകളുടെ ചരിത്രത്തില്‍ ആദ്യമായാണ് പൈതൃക കലകളുടെ ഇത്തരത്തിലുള്ള അവതരണങ്ങള്‍ക്ക് അവസരമൊരുങ്ങുന്നതെന്ന് ബിനാലെ ക്യൂറേറ്റര്‍മാരിലൊരാളായ കേളി കെ. രാമചന്ദ്രന്‍ പറയുന്നു.

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ സഹകരണത്തോടെ മണിപ്പുരി നൃത്തവും അസമില്‍ നിന്നുള്ള പരമ്പരാഗത നൃത്തരൂപമായ സത്രിയയും അവതരിപ്പിക്കാന്‍ 30 പേര്‍ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തുന്നുണ്ട്. ഹിന്ദുസ്ഥാനി സംഗീതവുമായി ഡോ. അശ്വിനി ബിഡെ, മൃദംഗ വിസ്മയവുമായി ഉമയാള്‍പുരം ശിവരാമന്‍, രുദ്രവീണയുമായി ബഹാവുദ്ദീന്‍ ഡാഗര്‍ എന്നിവരും ബിനാലെയുടെ സ്വരമാകും.

മുംബൈയില്‍ നിന്നുള്ള സ്റ്റോപ് ഗ്യാപ്‌സിന്റെ 30 അംഗ സംഘവും സംഗീത-നൃത്ത വിരുന്നുമായി ബിനാലെയില്‍ പങ്കാളികളാകുന്നു. ഇതോടൊപ്പം, കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ കഥകളി, നങ്ങ്യാര്‍കൂത്ത്, ഭരതനാട്യം, മോഹിനിയാട്ടം, കൂടിയാട്ടം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവയും 10 കലാകാരന്മാര്‍ മിഴാവില്‍ തീര്‍ക്കുന്ന നാദവിസ്മയവും ബിനാലെയുടെ ഭാഗമായി അരങ്ങേറും. ടൂറിസ്റ്റുകളെ ഉള്‍പ്പെടെ ആകര്‍ഷിക്കുന്നതിനാല്‍ ബിനാലെ കേരളത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുമെന്ന് കൊച്ചി ബിനാലെയുടെ ക്യുറേറ്റര്‍മാരും പ്രമുഖ മലയാളി ചിത്രകാരന്മാരുമായ റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും പറഞ്ഞു.

എറണാകുളം മാര്‍ക്കറ്റിലെ കടവുംഭാഗം സിനഗോഗില്‍ കഴിഞ്ഞദിവസം 'കാനൂക്ക' എന്ന എട്ട് തിരിയുള്ള വിളക്ക് തെളിഞ്ഞു. ജോസഫ് സെമ എന്ന ബാഗ്ദാദി ജൂതന്‍ കൊളുത്തിയ പ്രകാശം ബിനാലെയുടേതുകൂടിയാണ്. കൊച്ചിയുടെ ഇന്നലെകളില്‍ വണിക് ശക്തിയായിരുന്ന ഒരു സമൂഹം അതിന്റെ ഗന്ധത്തെ വീണ്ടെടുക്കുകയായിരുന്നു ബിനാലെയ്ക്ക് എത്തിയ കലാകാരനിലൂടെ.കലയും കാലവും ഇവിടെ ഒന്നാകുന്നു...

സംസ്‌കാരങ്ങളുടെ സംഗമം

- പാരീസ് വിശ്വനാഥന്‍
(പാരീസില്‍ താമസമാക്കിയ മലയാളി ചിത്രകാരന്‍)


കലയുടെ മേച്ചില്‍പുറങ്ങള്‍തേടി അന്യദേശങ്ങളിലേക്കുപോയ കേരളത്തിലെ കലാകാരന്മാര്‍ക്ക് ഇവിടേക്കു തിരികെയെത്താനുള്ള അവസരമാണ് കൊച്ചിമുസ്സിരിസ് ബിനാലെ ഒരുക്കുന്നത്. 1968-ലാണ് ഞാന്‍ പാരീസിലെത്തുന്നത്. ഒരു വര്‍ഷം മുമ്പ് അവിടെ നടന്ന ബിനാലെയില്‍ എന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ മേല്‍വിലാസത്തില്‍ പിന്നീട് അവരെന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ കലാസൃഷ്ടികളുടെ മേന്മയും പരിഗണനയും വെച്ച് കൊച്ചിയും ലോകപ്രശസ്തരായ കുറേ കലാകാരന്മാരെക്കൂടി വരവേല്‍ക്കുകയാണ്.

ഇതിനു മുമ്പു പലതവണ ഞാന്‍ കൊച്ചിയില്‍ വന്നിട്ടുണ്ട്. അപ്പോഴൊന്നും കാണാത്ത ഒരാവേശവും ഉത്സാഹവും ഇപ്പോള്‍ കൊച്ചിയില്‍ കാണാനാകുന്നുണ്ട്. ഓരോരുത്തരുടെയും ഉള്ളില്‍ ഉറഞ്ഞിരിക്കുന്ന ആശയങ്ങളും ഊര്‍ജവുമെല്ലാം പുറത്തുകൊണ്ടുവരാനുള്ള ഒരു ശ്രമമാണ് ബിനാലെ. അത് സാധ്യമാകുമെന്നുതന്നെയാണ് ഇതുവരെയുള്ള അനുഭവം.
വ്യത്യസ്തചിന്തകളുമായി ഒഴുകിയെത്തുന്ന ഒരു പുഴയാണ് ബിനാലെ. കാര്യങ്ങളെ പുതുരീതിയില്‍ നോക്കിക്കാണുന്നതിന്റെ തുടക്കമാണിത്.

കേരളത്തില്‍ ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ലാത്ത കലാസ്വാദനത്തിന്റെ പുതിയൊരു സംസ്‌കാരം ബിനാലെ കൊണ്ടുവരുമെന്ന് ഉറപ്പാണ്. നമ്മുടേതെന്നു നാം കരുതുന്ന സോപാനസംഗീതവും കഥകളി വേഷവുമൊന്നും നമ്മുടേതു മാത്രമാണെന്നു പറഞ്ഞ് അഹങ്കരിക്കാനാകില്ല. അതിനിടയിലേക്കു കടന്നുവരുന്ന ഒരു ശിശുവാണ് ഈ ബിനാലെ. അതുകൊണ്ടുതന്നെ ബാലാരിഷ്ടതകളുണ്ടാകാം. അത് ക്ഷമിച്ച് ഈ പുതിയ ശിശുവിനെ സ്വാഗതംചെയ്യാന്‍ കേരളത്തിന്റെ മനസ്സിനു സാധിക്കുമെന്നുറപ്പാണ്.

വിദേശത്തും മറ്റും പണക്കാരായ വ്യക്തികള്‍ അവരുടെ സ്വത്തിന്റെ ഒരു ഭാഗം കലയുടെ പ്രോത്സാഹനത്തിനായി മാറ്റിവെക്കാറുണ്ട്. നമുക്ക് അത്തരമൊരു പ്രവണതയില്ല. ബിനാലെ പോലുള്ള മേളകളിലൂടെ അത്തരം സംസ്‌കാരം രൂപപ്പെടുത്താനും അതിലൂടെ കലയ്ക്കും കലാകാരനും ഗുണമുണ്ടാകുമെന്ന് ഉറപ്പുവരുത്താനും നമുക്കു സാധിക്കും.

വൈദേശികമായ പൈതൃകത്തേയും നമ്മുടേതായ പൈതൃകത്തേയും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള പുതിയൊരു സംസ്‌കാരം വാര്‍ത്തെടുക്കാനാണ് ബിനാലെ പോലുള്ള സംരംഭങ്ങളിലൂടെ നാം ശ്രമിക്കുന്നത്. അത് സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്കാണ് വഴിയൊരുക്കുക. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന ടാഗോറിന്റെ സങ്കല്പത്തെ കലയിലൂടെ വിളിച്ചുപറയുന്ന ബിനാലെയെ, ഇന്ത്യയുടെ ആദ്യ ബിനാലെയായ കൊച്ചിമുസ്സിരിസ് ബിനാലെയെ, നമുക്ക് ഇരുകൈയും നീട്ടി സ്വാഗതം ചെയ്യാം.

ലോക കലാചരിത്രത്തിലേക്ക് കൊച്ചിമുസ്സിരിസ് ബിനാലെയും

-ബോണി തോമസ്
(കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയും കൊച്ചിമുസ്സിരിസ് ബിനാലെ ഗവേഷണ വിഭാഗം കോഓര്‍ഡിനേറ്ററുമാണ് കാര്‍ട്ടൂണിസ്റ്റും)


12.12.12 ലോകചരിത്രത്തില്‍ ഇനി രേഖപ്പെടുത്തുക ആദ്യത്തെ ഇന്ത്യന്‍ ബിനാലെ ആരംഭിച്ച ദിവസമായാണ്. 'ബിനാലെ' എന്ന ഇറ്റാലിയന്‍ വാക്കിന് 'രണ്ടുകൊല്ലത്തിലൊരിക്കല്‍' എന്നാണര്‍ഥം. എന്നാല്‍, കലാലോകത്ത് ഇതിന്റെ അര്‍ഥം, രണ്ടുകൊല്ലത്തിലൊരിക്കല്‍ സംഘടിപ്പിക്കപ്പെടുന്ന അന്തര്‍ദേശീയ സമകാലിക കലാ പ്രദര്‍ശനം എന്നാണ്. ഇന്ന് ആരംഭിക്കുന്ന 'കൊച്ചിമുസ്സിരിസ് ബിനാലെ'യുടെ പതിപ്പുകള്‍ ഓരോ രണ്ടുകൊല്ലം കൂടുമ്പോഴും സംഘടിപ്പിക്കപ്പെടും.

ലോകത്തെ നൂറിലധികം ബിനാലെകള്‍, അവ സംഘടിപ്പിക്കപ്പെടുന്ന സ്ഥലവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. കൊച്ചിമുസ്സിരിസ് ബിനാലെ എന്ന നമ്മുടെ ബിനാലെയുടെ പേര്, ചരിത്രത്തില്‍ മണ്‍മറഞ്ഞ് കിടക്കുന്ന 'മുസ്സിരിസ്' എന്ന നമ്മുടെ സാംസ്‌കാരികതയെ കൂടി നമ്മോടൊപ്പം ചേര്‍ക്കുന്നു.

ക്രിസ്തുവിന് മുമ്പ് നിലനിന്നിരുന്ന, പതിന്നാലാം നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തില്‍ മണ്‍മറഞ്ഞ, മുസ്സിരിസ് തുറമുഖപട്ടണ സംസ്‌കാരം നിലനിന്നത് ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍, പറവൂര്‍ പ്രദേശങ്ങളിലും പരിസരങ്ങളിലും ആയിരുന്നിരിക്കണം എന്നാണ് പരക്കെ കരുതപ്പെടുന്നത്. പഴമൊഴികളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കൂടാതെ പഠനങ്ങളുടെ തെളിവുകളും കൊടുങ്ങല്ലൂര്‍, പറവൂര്‍ പ്രദേശങ്ങള്‍ക്ക് ലോകവ്യാപകമായ ബന്ധമുണ്ടായിരുന്നതായി വ്യക്തമാക്കുന്നു.

മണ്‍മറഞ്ഞ മുസിരിസ്സിന്റെ പിന്തുടര്‍ച്ചയെന്നപോലെ പതിനാലാം നൂറ്റാണ്ട് മുതല്‍ വളര്‍ന്നുവന്നതാണ് കൊച്ചി തുറമുഖപട്ടണം. നൂറ്റാണ്ടുകള്‍ നീണ്ട പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് ഭരണങ്ങളുടെയും അറബി, ചൈന ബന്ധത്തിന്റെയും അവശേഷിപ്പുകളുള്ള ഫോര്‍ട്ടുകൊച്ചിമട്ടാഞ്ചേരി പ്രദേശത്ത് ഏതാണ്ട് എട്ട് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മലയാളത്തിന് പുറമെ 15 ഭാഷകള്‍ സംസാരിക്കുന്ന ഇരുപതിലധികം സാംസ്‌കാരിക സമൂഹങ്ങളുണ്ട്. ലോകത്തിനും കേരളത്തിനും ഇടയില്‍ തുറന്ന രണ്ട് വാതിലുകളാണ് കൊച്ചിയും മുസ്സിരിസും.കൊച്ചിമുസ്സിരിസ് ബിനാലെ ആകട്ടെ ലോകത്തിനും കേരളത്തിനും ഇടയില്‍ തുറക്കുന്ന കലയുടെ വാതിലാണ്.

ലോക സമകാലിക കലയില്‍ ഇന്ത്യയിലെ തലമുറയില്‍ മലയാളികളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഈ വിഭാഗത്തിലെ പുതുതലമുറക്കാരില്‍ ഏറിയപങ്കും മലയാളികളാണ്. ഇവരിലേറെപ്പേരും കേരളത്തിന് വെളിയിലോ, ഇന്ത്യക്ക് വെളിയിലോ ഒക്കെയാണ് കലാപ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

സ്വന്തം നാടായ കേരളത്തില്‍ നല്ലൊരു പ്രദര്‍ശനം പോലും നടത്താനാകാത്ത ലോകപ്രശസ്തരായ അനവധി മലയാളി കലാകാരന്മാരുണ്ട്. ഇത് അവര്‍ക്ക് എക്കാലത്തെയും വേദനയാണ്; മലയാളത്തിന് വലിയ നഷ്ടവും. ഇതിനൊരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്. അതിനു വേണ്ടിയുള്ള ശ്രമം കൂടിയാണ് കൊച്ചിമുസ്സിരിസ് ബിനാലെ.

കേരളത്തിലെ വിവിധ കലാപഠന കേന്ദ്രങ്ങളില്‍ നിന്ന് ഇരുനൂറിലധികം പ്രതിഭകള്‍ ഓരോ വര്‍ഷവും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു. പക്ഷേ, ഇവരുടെ കലാപ്രവര്‍ത്തനത്തിനായി ഒരു മേഖലയും നിലവില്‍ കേരളത്തിലില്ല. അത്തരത്തിലൊരു പ്രതീക്ഷ നല്‍കുന്ന സാഹചര്യവും നിലവിലില്ല.

കലാരംഗത്ത് ലോകോത്തരമായി ഉണ്ടാകുന്ന ചലനങ്ങളെപ്പറ്റി മലയാളി കലാകാരന്മാര്‍ ബോധവാന്മാരാണെങ്കിലും അതിനനുസരിച്ചുള്ള ആസ്വാദകസമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ കലാപ്രതിഭകള്‍ മറ്റു മേഖലകള്‍തേടി പോകുന്നു. അല്ലെങ്കില്‍, അവര്‍ അവരിലേക്കുതന്നെ ഒതുങ്ങിക്കൂടുന്നു.

മലയാളിയെ സംബന്ധിച്ചിടത്തോളം തികച്ചും അപരിചിതമാണ് ബിനാലെ എന്ന് ഞങ്ങള്‍ക്കറിയാം. ലോക സിനിമയിലെ പുത്തന്‍ പ്രവണതകള്‍ മനസ്സിലാക്കാന്‍ വര്‍ഷംതോറും നടത്തുന്ന ചലച്ചിത്രമേള പോലെയോ നാടകരംഗത്തെ പുതു പ്രവണതകളിലേക്ക് വെളിച്ചം വീശുന്ന നാടകോത്സവങ്ങള്‍ പോലെയോ ചിത്രശില്പ കലാരംഗത്തെ നവസൃഷ്ടികളും ധാരകളും ഒന്നും പരിചയപ്പെടാന്‍ നമുക്ക് വേണ്ടത്ര അവസരങ്ങളില്ല. ഈ അവസ്ഥ മാറേണ്ടതുണ്ട്. അതിനുള്ള പരിശ്രമത്തിന്റെ തുടക്കമാണ് കൊച്ചിമുസ്സിരിസ് ബിനാലെ.

ബിനാലെ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമകാലിക അന്തര്‍ദേശീയ കലയുടെ മേളയാണെങ്കിലും അതൊരു വിദേശ ആശയമാണെങ്കിലും കൊച്ചിമുസ്സിരിസ് ബിനാലെ നടത്തപ്പെടുന്നത് തനി കേരളീയമായ സവിശേഷതകളോടെയാണ്. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും നാടകങ്ങളും വാദ്യകലകളും ഒക്കെയായി സമഗ്രവും വിശാലവുമായ പ്രദര്‍ശനവും അവതരണങ്ങളും ഇതിന്റെ ഭാഗമാണ്. ഒരര്‍ഥത്തില്‍ കൊച്ചിമുസ്സിരിസ് ബിനാലെ എന്ന കുടക്കീഴില്‍വിവിധ കലകള്‍ ഒന്നിച്ച് ഒത്തുചേര്‍ന്ന് നില്‍ക്കുകയാണ്.

1 comment: